ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേളകം ഗ്രാമത്തിന്റെ ചരിത്രം കൊട്ടിയൂര്‍, കണിച്ചാര്‍ എന്നീ പഞ്ചായത്തുകളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. നൂറ്റാണ്ടൂകള്‍ക്കു മുമ്പ് ടിപ്പുസുല്‍ത്താന്റെ പടയോട്ട കാലത്ത് തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നുവെന്നുള്ളതിനു തെളിവുകളുണ്ട്. ഇവിടെയുണ്ടായിരുന്ന ഇരുമ്പുപാലങ്ങളും കലുങ്കുകളും ഗുഹകളും മറ്റും ഈ നിഗമനത്തിലേക്ക് നമ്മെയെത്തിക്കുന്നു. പടയോട്ടത്തിനു ശേഷം ജനവാസം കുറഞ്ഞതോടെ ഇവിടം വനമായി മാറിയിരുന്നിരിക്കണം. പിന്നീട് ഇവിടം കോട്ടയം (മലബാര്‍ കോട്ടയം) രാജാവിന്റെ ഭരണത്തിന്‍കീഴിലായി. അവരാണ് ഈ പ്രദേശം കൊട്ടിയൂര്‍ തൃച്ചെറുമന്ന് ദേവസ്വത്തിനു വേണ്ടി മണത്തണ നായര്‍ തറവാട്ടുകാരെ ഏല്‍പിച്ചത്. ബ്രീട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടിയ പഴശ്ശി 1802 കാലഘട്ടത്തില്‍ കുറിച്യ പടയാളികളുമൊന്നിച്ച് ഇവിടങ്ങളില്‍ തമ്പടിക്കുകയും, ഇവിടെ നിന്നു തുരത്തപ്പെട്ട് പാല്‍ചുരം വഴി വയനാട്ടിലേക്ക് രക്ഷപ്പെടുകയും 1805-ല്‍ ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിനിടയില്‍ മരിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും 1956-ല്‍ കേരളപ്പിറവി വരെയും ഈ പ്രദേശം മദ്രാസ് സംസ്ഥാനത്തിന്റെ കീഴിലായിരുന്നു. കോഴിക്കോട് ജില്ലയിലെ കോട്ടയം താലൂക്കില്‍ മണത്തണ അംശം കാപ്പാട് ദേശത്തില്‍പ്പെട്ടതായിരുന്നു കേളകം ഗ്രാമപഞ്ചായത്ത്. 1950-ല്‍ മണത്തണ അംശം, മണത്തണ പഞ്ചായത്തായി മാറി. പഴയകാലത്ത് ഈ പ്രദേശങ്ങളില്‍ പണിയരും കുറിച്യരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1939 മുതല്‍ ഇവിടേക്കു കുടിയേറ്റമാരംഭിച്ചെങ്കിലും അക്കാലത്തു വന്നവര്‍ മലമ്പനി പടര്‍ന്നുപിടിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു. പിന്നീട് 1944-ല്‍ കുടിയേറ്റക്കാര്‍ താമസം പുനരാരംഭിച്ചതോടെയാണ് കുടിയേറ്റക്കാരുടെ ഒഴുക്ക് അതിശക്തമാവുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളാണ്, എന്തും സഹിച്ച് ഈ മലനാട്ടില്‍ കുടിയേറാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. കുടിയേറ്റക്കാര്‍ മരങ്ങള്‍ നശിപ്പിക്കുകയും, കൂപ്പ് ലേലങ്ങള്‍ നടത്തുകയും ചെയ്തതോടെ എം.പി.എഫ് ആക്ട് അനുസരിച്ച് ഫോറസ്റ്റ് അധികൃതര്‍ ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തില്‍ അക്കാലങ്ങളില്‍ സ്പെഷ്യല്‍ പോലീസ് ഇവിടെ തമ്പടിക്കുകയും കുടിയേറ്റക്കാരെ മര്‍ദ്ദിക്കുകയും ദ്രോഹിക്കുകയും കേസ്സെടുക്കുകയും ചെയ്തിരുന്നു. ജന്മംതീറു വാങ്ങിയും മറുപാട്ടം വാങ്ങിയും വാക്കാല്‍ചാത്തു വാങ്ങിയും കൈയേറിയും സ്വന്തമാക്കി കൃഷിയിറക്കിയ സ്ഥലം വിട്ടുകൊടുക്കുവാന്‍ കര്‍ഷകര്‍ തയ്യാറല്ലായിരുന്നു. വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, പോസ്റ്റോഫീസ് തുടങ്ങിയ ഒട്ടനവിധി സ്ഥാപനങ്ങളും ഇവിടെ ആരംഭിച്ചുകഴിഞ്ഞിരുന്നു. കുടിയിറക്കിനെ ചെറുക്കുന്നതിനായി കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്ന സമരമായിരുന്നു കൊട്ടിയൂര്‍ സമരം. സമരമുറകള്‍ ആസൂത്രണം ചെയ്യുന്നതിനും മറ്റുമായി വിളിച്ചുകൂട്ടിയ കേന്ദ്രകമ്മറ്റിയിലേക്ക് കൊട്ടിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 16 പേരെ തെരഞ്ഞെടുത്തു. പ്രസ്തുത കമ്മറ്റിയുടെ യോഗം, ശക്തമായ സമരനടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിവന്നാല്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കുന്നതിനും തീരുമാനമെടുത്തു. കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ടുള്ള ഒരു കാല്‍നടജാഥ ബി.വെല്ലിങ്ങ്ടന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. 29 അംഗങ്ങള്‍ ഉണ്ടായിരുന്ന ജാഥയില്‍ പി.കെ.വാസു, എ.റ്റി.സ്കറിയ, അബ്ദുള്‍റഹിമാന്‍ റാവുത്തര്‍, വെള്ളാറയില്‍ പനന്താനത്ത് കൃഷ്ണന്‍കുട്ടി എന്നിവരെല്ലാം ഉണ്ടായിരുന്നു. ജാഥയ്ക്ക് വഴിനീളെ സഹായമെത്തിക്കാന്‍ എ.കെ.ജി.എന്‍.ഇ ബാലറാം, എന്നിവരുള്‍പ്പെട്ട സംഘം തയ്യാറായി. ഇവര്‍ പലതവണ കൊട്ടിയൂര്‍ സന്ദര്‍ശിക്കുകയും സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. 1950-ല്‍ പഞ്ചായത്തുകള്‍ ആരംഭിച്ചപ്പോള്‍ ഇന്നത്തെ കേളകം പഞ്ചായത്ത് മണത്തണ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. ഇ.നാരായണന്‍ നമ്പ്യാരായിരുന്നു ആദ്യപ്രസിഡന്റ്. കൈപൊക്കി വോട്ടിങ്ങിലൂടെ ആയിരുന്നു ഈ തെരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് രഹസ്യ ബാലറ്റുപേപ്പറിലൂടെ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തില്‍ വന്ന ബോര്‍ഡ്, 20-12-63-ന് ജോര്‍ജ്ജ്കുട്ടി മുക്കാടന്‍ പ്രസിഡന്റായി ചുമതലയേറ്റു. 15-ഓളം ക്രിസ്തീയാരാധനാലയങ്ങളും 4 ഹൈന്ദവ ആരാധനാലയങ്ങളും 3 മുസ്ളീം ദേവാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്.